കൊളച്ചേരി
വളപട്ടണം പുഴയിലെ സുന്ദര ദ്വീപായ പാമ്പുരുത്തി ഉള്‍പ്പെടുന്ന പ്രദേശമാണ് കൊളച്ചേരി. വിശാലമായ കൃഷിയിടങ്ങളും സമൃദ്ധിയായി വളരുന്ന തെങ്ങിന്‍ തോപ്പുകളും തെക്കും വടക്കും അതിരുകളിലൂടെ തഴുകിയൊഴുകുന്ന മുണ്ടേരി പുഴയും വളപട്ടണം പുഴയും കൊളച്ചേരിയുടെ ദൃശ്യഭംഗി ഏറെ മനോഹരമാക്കുന്നു. കൊളച്ചേരിയുടെ കിഴക്ക് കുന്നിന്‍ പ്രദേശങ്ങളും പടിഞ്ഞാറ് സമതല പ്രദേശങ്ങളുമാണ്. വളപട്ടണം പുഴയുടെ പടിഞ്ഞാറ് ഭാഗത്തായി ഉത്തര കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മഠപ്പുര സ്ഥിതി ചെയ്യുന്നു. കൊളച്ചേരിയുടെ തുറമമുഖമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന സ്ഥലമാണ് കമ്പില്‍ക്കടവ്. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം പാടിക്കുന്നും താഴ്‌ന്ന പ്രദേശം പാമ്പുരുത്തിയുമാണ്. "കോലച്ചേരി" എന്ന പേരാണ് കൊളച്ചേരിയായി മാറിയത്. നിരവധി ദൈവക്കോലങ്ങളുടെ ഗ്രാമമായതു കൊണ്ടാണ് ഈ പ്രദേശത്തെ കോലച്ചേരി എന്ന് അറിയപ്പെട്ടിരുന്നത്. കോലച്ചേരി പിന്നീട് കൊളച്ചേരി യായി മാറുകയായിരുന്നു.

















